Kerala
കാഞ്ഞിരപ്പള്ളി: വിദ്യാർഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.
ഓരോ കുട്ടിയും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വ്യത്യസ്തമായ കഴിവുകള്‍ കണ്ടെത്തണമെന്നും നാടിനും രാജ്യത്തിനും ഉപകാരപ്രദമായ സ്വപ്നങ്ങള്‍ കാണണമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. കേരളത്തിലെ മനോഹരമായ വിദ്യാഭ്യാസ കേന്ദ്രമാണ് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേർത്തു.
രാജ്യത്തെ വിദ്യാഭ്യാസ സംസ്കാരിക ഭൂമികയിൽ അതുല്യമായ ചലനങ്ങളും അദ്ഭുതകരമായ സ്വാധീനവും ചെലുത്തിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കുട്ടികൾ തങ്ങളുടെ കഴിവുകളും അവസരങ്ങളും നല്ല രീതിയിൽ ഉപയോഗിച്ച് ദൈവത്തെ കൂട്ടുപിടിച്ച് കഠിനാധ്വാനം ചെയ്ത് മുന്നോട്ട് വളരണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേർത്തു.
പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, സ്കൂള്‍ ക്യാപ്റ്റന്‍ ഫെലിക്സ് ജസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍ 25 വര്‍ഷം പൂര്‍ത്തിയായ അധ്യാപകരെ സമ്മേളനത്തില്‍ ആദരിച്ചു. പാഠ്യ - പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.
Kerala
കോട്ടയം: കൂട്ടായ്മയില്‍ വളരുന്നതായിരിക്കണം നമ്മുടെ സുവിശേഷപ്രഘോഷണമെന്നും നമ്മള് ജീവിക്കുന്ന സമൂഹത്തെ സ്നേഹിക്കുമ്പോഴാണ് അതിനെ വളര്‍ത്താന്‍ കഴിയുകയെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
വടവാതൂര്‍ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസില്‍ നടന്ന 52-മത് ബിരുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
മാന്നാനം കെഇ കോളജ് പ്രഫസര്‍ ഫാ. ഡോ. ജോസഫ് വര്‍ഗീസ് കുരീത്തറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. 36 പേര് ദൈവശാസ്ത്രത്തിലും 53 പേര് തത്വശാസ്ത്രത്തിലും ബിരുദവും ഒമ്പതു പേര് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സിസ്റ്റര്‍ ഐറിന് അല്‍ഫോന്‍സ സി എം സി ദൈവശാസ്ത്രത്തില്‍ ഡോക് ടറേറ്റും നേടി.
പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, സെന്റ് തോമസ് അപ്പൊസ്തലിക് സെമിനാരി റെക്്ടര്‍ റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, രജിസ്ട്രാര്‍ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ബാച്ചുകളിലെ റാങ്കുജേതാക്കള്ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണ വിഭാഗമായ ഒഐആര്എസ്ഐയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ നടത്തി.
Kerala
ചങ്ങനാശേരി: ഈശോയുടെ തിരുപ്പിറവിയെ ഓര്‍മ്മപ്പെടുത്തുന്ന വിവിധ വേഷവിധാനങ്ങളോടെ അതിരൂപത സംഘടിപ്പിച്ച മനുഷ്യാവതാര സന്ദേശ യാത്ര ചങ്ങനാശേരിക്ക് അഭിമാനവും അവിസ്മരണീയവുമായി.
മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ്സ് ഹൗസില്നിന്നാരംഭിച്ച സന്ദേശയാത്ര ജോബ് മൈക്കിള്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ഉണ്ണിയേശുവിനെ കൈകളിലേന്തിയ വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യകമാതാവിന്റെയും ആട്ടിടയന്മാരുടെയും പൂജരാജാക്കന്മാരുടെയും ഉള്‍പ്പെടെ യേശുവിന്റെ ജനനത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന കാഴ്ചകളാണ് സന്ദേശയാത്രയെ അവിസ്മരണീയമാക്കിയത്.
നൂറുകണക്കിനു ബൈബിള്‍ സംഭവങ്ങളെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ച അതിശയക്കാഴ്ച ചരിത്രനഗരമായ ചങ്ങനാശേരിക്ക് പുതുമയായി. പാപ്പാതൊപ്പികളും വെള്ള വസ്ത്രങ്ങളും അണിഞ്ഞെത്തിയവരും യാത്രയ്ക്ക് നിറം പകര്‍ന്നു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. സ്കറിയ കന്യാകോണില്‍, ചാന്‍സലര്‍ ഫാ. ബിന്‍സ് പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജയിംസ് മാളേയ്ക്കല്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ് ക്കല്‍, ഫൊറോന വികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോബി കറുകപ്പറമ്പില്‍, ഫാ. ജേക്കബ് ചീരംവേലില്‍, മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം, കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, സന്ദേശനിലയം ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ ചിട്ടയോടെ നയിച്ച സന്ദേശയാത്രയില്‍ പതിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ചങ്ങനാശേരി, തൃക്കൊടിത്താനം, തുരുത്തി, കുറുമ്പനാടം ഫൊറോനകളിലെ വിശ്വാസീസമൂഹമാണ് ആത്മീയത നിറഞ്ഞ പ്രാര്‍ഥനകളോടെ അണിനിരന്നത്.
എസ്ബി കോളജില്‍ മനുഷ്യാവതാര സന്ദേശയാത്ര എത്തിയപ്പോൾ യുവദീപ്തി-എസ്വൈഎം പ്രവര്‍ത്തകരായ നൂറു യുവജനങ്ങള്‍ ചേര്‍ന്നു ക്രിസ്മസ് ഗാനം ആലപിച്ചു.
മനുഷ്യന്റെ വില ഉയര്‍ത്തിയ ദിനമാണ് ക്രിസ്മസ് എന്നും പുല്‍ക്കൂട്ടില്‍ ഈശോ ജനിച്ച സന്ദേശം എത്തിയില്ലായിരുന്നുവെങ്കില്‍ ഭാരതത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ക്രിസ്മസ് സന്ദേശ യാത്ര എസ്ബി കോളജ് മൈതാനത്ത് എത്തിയപ്പോള്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കരോള്സംഘങ്ങളെയും പുല്‍ക്കൂട് നിര്‍മിക്കുന്നവരെയും ആക്രമിക്കുന്നതു ശരിയല്ല. ക്രൈസ്തവര്‍ പീഡനങ്ങളെ ഭയപ്പെടുന്നില്ല. സത്യത്തിന്റെയും നീതിയുടെയും പക്ഷത്താണ് ക്രൈസ്തവരെന്നും ധീരതയുടെ സന്ദേശമാണ് ക്രിസ്തു പകര്‍ന്നു നല്‍കിയതെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
നഗരസഭാ ചെയര്മാന് ജോമി ജോസഫ്, വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ് തുടങ്ങിവര്‍ പ്രസംഗിച്ചു.
Kerala
കോട്ടയം: സഭയ്ക്കും സമൂഹത്തിനും സിഎംഐ സഭ നല്കുന്ന ശുശ്രൂഷ നിസ്തുലമാണെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. വാഴൂര്‍ ഇളമ്പള്ളി അനുഗ്രഹ ജംഗ്ഷനിൽ സിഎംഐ കോട്ടയം പ്രവിശ്യാഭവനത്തിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ലോകമെമ്പാടും സുറിയാനി കത്തോലിക്കാസഭയുടെ സാന്നിധ്യം അറിയിക്കുന്നതിലും സുവിശേഷവത്കരണത്തിന്റെ തീവ്രമായ ചൈതന്യം എത്തിക്കുന്നതിലും സിഎംഐ സഭയുടെ പങ്ക് വലുതാണെന്നും കൂടുതല്‍ തീക്ഷ്ണതയോടെ സുവിശേഷത്തിനു സാക്ഷികളാകാന്‍ പുതിയ പ്രവിശ്യാ ഭവനം സഹായകമാകുമെന്നും മാര്‍ തറയില്‍ പറഞ്ഞു. സിഎംഐ പ്രിയോര്‍ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസകള്‍ നേര്‍ന്നു. പ്രൊവിന്‍ഷല്‍ ഫാ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ സ്വാഗതവും കൗണ്‍സിലര്‍ ഫോര്‍ ഫിനാന്‍സ് ഫാ. ജോബി മഞ്ഞക്കാലായില് സിഎംഐ കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിനു മുമ്പ് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പ്രവിശ്യാ ഭവനത്തിന്റെ വെഞ്ചരിപ്പും നടന്നു. അജപാലന മേഖലയ്ക്കൊപ്പം ആതുര, വിദ്യാഭ്യാസ രംഗങ്ങളിലും സിഎംഐ സഭയുടെ പങ്ക് അഭിമാനിക്കാവുന്നതാണെന്ന് മാര്‍ ജോസ് പുളിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. സിഎംഐ പ്രിയോര്‍ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍, പ്രൊവിന്‍ഷല്‍ റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ബംഗളൂരു ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ റവ. ഡോ. അഗസ്റ്റിന് ജോര്‍ജ് സിഎംഐ, വികാരി ജനറാള്‍മാര്‍, വൈദികര്‍, വിവിധ സന്യാസിനീ സഭകളിലെ മദര്‍ ജനറാള്‍മാര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ വെഞ്ചരിപ്പ് ശുശ്രൂഷയിലും സമ്മേളനത്തിലും പങ്കെടുത്തു.
District News
ചങ്ങനാശേരി: മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി മെത്രാപ്പോലീത്തയായി സ്ഥാനമേറ്റിട്ട് നാളെ ഒരു വര്‍ഷം. 2024 ഒക്ടോബര്‍ 31നാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്. മാര്‍ ജോസഫ് പെരുന്തോട്ടം ആര്‍ച്ച്ബിഷപ് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്.
സീറോമലബാര്‍ മീഡിയ കമ്മീഷന് ചെയര്മാന്, വടവാതൂര്‍ സെമിനാരി കമ്മീഷന് ചെയര്മാന്, കെസിബിസി വൊക്കേഷന്‍ കമ്മീഷന് ചെയര്മാന്, സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് കണ്‍വീനര്‍, സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്, സിബിസിഐ പരിസ്ഥിതി കമ്മീഷന്, സിബിസിഐ കമ്മീഷന് ഫോര്‍ ഹെല്‍ത്ത് എന്നിവയുടെ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
നാളെ രാവിലെ 6.30ന് മാര്‍ തോമസ് തറയില്‍ ഫാത്തിമാപുരം അല്‍ഫോന്‍സാ സ്നേഹനിവാസില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.
District News
ചങ്ങനാശേരി: രാഷ്ട്രീയ, ഭരണ രംഗങ്ങളില്‍ പ്രബുദ്ധരും പ്രഗത്ഭരുമായ ചെറുപ്പക്കാര്‍ കടന്നുവരണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് എക്സലന്‍ഷ്യ സീസണ് -3 മെറിറ്റ് അവാര്‍ഡ്-2025 വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.
അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല അനുമോദനസന്ദേശം നല്കി. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, ടോമിച്ചന് അയ്യരുകുളങ്ങര, കുഞ്ഞ് കളപ്പുര, ഷിജി ജോണ്സണ്, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ജോര്‍ജുകുട്ടി മുക്കത്ത്, റോസിലിന് കുരുവിള, സെബാസ്റ്റ്യന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
NRI
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് സ്നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും സന്നിഹിതനായിരുന്നു.
ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാര്‍ത്തോമ്മാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശില്പിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കല്‍ രൂപകല്പന ചെയ്ത ശില്പവുമാണ് കൈമാറിയത്.
വിശുദ്ധരുടെ ചിത്രം ആലേഖനം ചെയ്ത ദാരുശില്പമാണ് തോമസ് വെള്ളാരത്തുങ്കല്‍ തയാറാക്കിയത്. നാളുകളുടെ അധ്വാനത്തില്‍ പൂര്‍ണമായും കരവിരുതില്‍ കൊത്തിയെടുത്ത ശില്പത്തില് മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പുകതിരും മുന്തിരിവള്ളിയും പശ്ചാത്തലമാക്കി പ്രാര്‍ഥനയുടെ അടയാളമായ യാചനാകരങ്ങളുടെ നടുവില്‍ ഗോളവും ഗോളത്തില്‍ ഇന്ത്യയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.
ഗോളത്തിനു മുകളില്‍ സ്ഥാപിച്ച കേരളത്തിന്റെ മാതൃകയില്‍ സുറിയാനി കത്തോലിക്കാ സഭയില്‍നിന്ന് ആദ്യമായി വിശുദ്ധ പദവി ലഭിച്ച അല്‍ഫോന്‍സാമ്മയുടെ ചിത്രം കൊത്തിയിരിക്കുന്നു.
മുന്തിരിക്കുലകളോടു ചേര്‍ന്നിരിക്കുന്ന നാലിലകളിലായി രണ്ടുവശത്തും വിശുദ്ധരായ ഏലിയാസച്ചന്, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ, ദേവസഹായം പിള്ള എന്നിവരുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.